Malayalam Story

ആദ്യരാത്രിയിലെ കൊഞ്ചലുകൾക്കിടയിൽ അവൾ പറഞ്ഞു

രണ്ടു വർഷം കഴിഞ്ഞ് മതിയിട്ടോ നമുക്ക് കുട്ടികളൊക്കൊ… ആദ്യരാത്രിയിലെ കൊഞ്ചലുകൾക്കിടയിൽഅവൾ പറഞ്ഞു നിർത്തി..

കുടിച്ച പാല് വെറുതെയായി.. ഞാൻ കണ്ടു കൂട്ടിയ കനവുകൾ തല തിരിഞ്ഞു നിന്നെന്നെ കൊഞ്ഞനം കുത്തി..

ഞാൻ മഹാ കച്ചറയായി അവളെ പ്രാകി..

ഞാൻ ഒന്നു മനസ്സ് വെച്ചാൽ ഈ തീരുമാനം ഒക്കെ കാറ്റിൽ പറത്താവുന്നതേയുള്ളു അറിയാഞ്ഞിട്ടല്ല പക്ഷേ എന്നെ കുറിച്ച് അവളുടെ മനസ്സിലുള്ള ധാരണ തകർന്നാലോ എന്ന് കരുതി ഞാൻ നെഞ്ചിലെ തീ കെടുത്തിയടങ്ങി..

പിറ്റേ ദിവസം കിടക്കുമ്പോൾ എന്റെ കുട്ടികളെ കണ്ടിട്ട് വേണം ഒന്നു കണ്ണടക്കാൻ എന്ന് പറയുന്ന അമ്മയുടെ മുഖം ഓർമ്മയിൽ കയറി നിന്നു..

എന്റെ കുട്ടികളേയും ലാളിച്ചു അച്ഛച്ഛനായി വീടിന്റെ ഉമ്മറത്തിരിക്കേണ്ട അച്ഛന്റെ മുഖം ഓർമ്മയിലേക്ക് വന്നു നിന്നു..

അതു കൊണ്ടു തന്നെയാണ് ഞാൻ പറഞ്ഞത് അതൊന്നും പറ്റില്ല എന്ന്..

അവളും വിട്ടു തന്നില്ല അതു മുതൽ അവൾ കട്ടിലിന് താഴേക്കാക്കി കിടത്തം..മുറി രണ്ടാക്കാഞ്ഞത് ഭാഗ്യം എന്നു കരുതി ഞാൻ സമാധാനിച്ചു..

മുന്നേ കരുതിയതാ ജോലി ഉള്ളവളൊന്നും വേണ്ട എന്ന് പക്ഷേ അവളെ കണ്ടപ്പോൾ എന്റെ തീരുമാനങ്ങളാകെ കാറ്റിൽ പറന്നു..

കല്യാണം കഴിഞ്ഞ മൂന്നാം നാൾ തന്നെ ഞാൻ കടയിലേക്ക് പോയി തുടങ്ങി..

കടയിലെത്തിയപ്പോൾ എന്നെ നോക്കി കടയിലെ സ്റ്റാഫൊരുത്തന് ഒരു ആക്കിയ ഇളി..എനിക്ക് മനസ്സിലായി ആദ്യരാത്രിയിലെ ഇംഗിതം വെച്ചൊരു ഇളിയാണതെന്ന്..

അതു കണ്ടപ്പോൾ തന്നെ അവനെ കൊണ്ട് കട മൊത്തം തൂത്ത് തുടപ്പിച്ചു..

ഒരു മുതലാളിയുടെ മുഖത്ത് നോക്കി ആക്കിയാൽ ഇങ്ങനെ ഇരിക്കും എന്ന് അവനെ അന്നു ഞാൻ പഠിപ്പിച്ചു..

ഇലക്ട്രിക് കടയിലിരിക്കും നേരം എനിക്ക് തോന്നി കറന്റില്ലാത്ത സ്വിച്ചും ബൾബും പോലെയാണ് ഞാനും അവളുമെന്ന്..

പിറ്റേന്ന് ഞാനെണീറ്റ് ചായ കുടിക്കും നേരം അവൾ ജോലിക്കായി പടിയിറങ്ങി പോവുന്നത് അമ്മ വാതിക്കൽ പോയി നോക്കി നിൽക്കുന്നത് ഞാൻ കണ്ടു..ആ നിമിഷം എനിക്ക് തോന്നിയിരുന്നു അവൾ അമ്മയുടെ പ്രീതി പിടിച്ചു പറ്റിയിട്ടുണ്ടെന്ന്..

വൈകിട്ട് കഴിക്കേണ്ട മരുന്നുകളെല്ലാം അവൾ അച്ഛനെ ഓർമ്മപ്പെടുത്തുമ്പോൾ എനിക്ക് തോന്നിയിരുന്നു അവൾ അച്ഛന്റെ സ്വന്തം മോളായി മാറിയെന്ന്..

എന്തായാലും അവളുടെ മനസ്സിളക്കാൻ ഞാൻ പോയില്ല..

മാസമൊന്നു കഴിഞ്ഞപ്പോൾ അവളുടെ താഴെയുള്ള കിടത്തത്തിന് മാറ്റം വന്നു. കിടക്കയ്ക്ക് അതിരുകൾ തീർത്തവൾ കട്ടിലിലേക്കെത്തി…

അന്നു രാത്രി അവൾ എന്റെ കയ്യിലേക്ക് അവളുടെ ശമ്പളം വെച്ച് തന്നു ഞാൻ അതു വാങ്ങി തിരികെ അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു ഇത് ഇപ്പൊ നിന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ എന്ന്..

എന്റെ കടയിലെ വരുമാനം കൊണ്ട് എന്റെ കടങ്ങളും പെങ്ങളെ പടിയിറക്കി വിടുമ്പോൾ ഉള്ള കടങ്ങളും മാത്രമേ വീട്ടി തീരുന്നുള്ളു എന്നറിയാം എന്നിട്ടും ഞാൻ അതു വാങ്ങിയില്ല..

വീട് പുതുക്കി പണിയാൻ ബാങ്കിൽ വെച്ച വീടിന്റെ ആധാരവും ബാങ്കിൽ തന്നെ ഇരിക്കുന്നു എന്നറിയാം എന്നിട്ടും ഞാൻ അതു വാങ്ങിയില്ല..പലതും സംസാരിക്കുമെങ്കിലും എന്റെ ബാധ്യതകൾ ഒരിക്കലും അവളെ അറിയിച്ചിട്ടില്ല..എന്റെ ഉള്ളിലെ അഹങ്കാരം അതു വാങ്ങാൻ കൂട്ടാക്കിയില്ല..

ആ പൈസ വേടിക്കാത്തതു കൊണ്ടാവാം അതു മുതൽ അവൾക്ക് ഒരു പിണക്കം പക്ഷേ ഞാൻ അതൊന്നും കാര്യമായി എടുക്കാതെ കടയിലേക്ക് തിരിച്ചു..

അന്നു വൈകിട്ട് ഞാൻ വീട്ടിലേക്ക് കയറുമ്പോൾ അച്ഛന്റെ മേശപ്പുറത്ത് ഒരു വലിയ കവർ ഇരിക്കുന്നത് ഞാൻ കണ്ടു ” ഞാൻ അച്ഛനോട് ചോദിച്ചു അതെന്താണെന്ന് അച്ഛൻ വളരെ സന്തോഷത്തോടെ പറഞ്ഞു ” മോളുടെ ശമ്പളം കിട്ടിയതിന്റെയാ ‘ അവൾ വാങ്ങി കൊണ്ട് വന്നതാണ് ഒരു ഷർട്ടും മുണ്ടുമാണെന്ന്…അതു കേട്ട് അമ്മയും പറഞ്ഞു എനിക്കും കിട്ടി കസവുസാരിയും ജാക്കറ്റും എന്ന്..

ഞാൻ മനസ്സിൽ പറഞ്ഞു നല്ലത് എന്ന്

മുറിയിലേക്ക് കയറി ഡ്രസ്സു ഊരി മാറ്റി കുളി കഴിഞ്ഞ് വന്ന് വേറെ ഡ്രസ്സെടുത്തിടാൻ നോക്കും നേരം ഒരു പുതിയ ഷർട്ടും മുണ്ടും അവിടെയും തൂക്കിയിട്ടിരിക്കുന്നു. ഞാൻ എടുത്തു നോക്കി എനിക്ക് മനസ്സിലായി അവൾ വാങ്ങി കൊണ്ട് വന്നതാണെന്ന്. ഞാൻ അതു കണ്ടില്ലെന്ന് നടിച്ച് കൈലിയും ബനിയനുമിട്ട് പുറത്തേക്ക് ഇറങ്ങി..

പുറത്തേക്ക് ഇറങ്ങാൻ നേരം അമ്മയോട് ചോദിച്ചു എന്തേലും വാങ്ങാനുണ്ടോ എന്ന് അമ്മ പറഞ്ഞു ” എല്ലാം അവൾ വാങ്ങി കൊണ്ട് വന്നിട്ടുണ്ട് എന്ന്..

എനിക്ക് തോന്നി അവൾ കുടുംബത്തിലെ കാര്യങ്ങളും ഏറ്റെടുത്തു കൊണ്ട് എന്നെ തോൽപ്പിക്കുകയാണെന്നു..

അവൾക്ക് വേണ്ട ചാന്തും പൊട്ടും സാരിയും അങ്ങനെ പലതും അവൾ തന്നെ വാങ്ങി വെക്കുന്നത് ഞാൻ കാണാറുണ്ട്..അന്നേരം ഞാൻ ആഗ്രഹിക്കാറുണ്ട് ഇതൊക്കെ ഞാൻ വാങ്ങി കൊടുത്തു കൊണ്ട് അവളുടെ മുഖത്തെ ആ സന്തോഷം ഒന്നു കാണാൻ.പക്ഷേ ഒരാവശ്യവും അവൾ എന്നെ അറിയിക്കാറില്ല..ഞാൻ ചോദിക്കാറുമില്ല അതൊക്കെ കാണുമ്പോൾ..

ഒരച്ഛനാവാനുള്ള എന്റെ മോഹം കനവിലിടക്കൊക്കൊ വന്നു നിൽക്കും..

ആ നേരം എന്റെ മനസ്സിൽ അവളോടുള്ള ദേഷ്യം കൂടി വരും..

അവളെ ഞാൻ മൈന്റ് ചെയ്യാതെയായി സംസാരം വല്ലപ്പോഴുമായി..

എന്തു ചെയ്താലും ഞാൻ കുറ്റങ്ങൾ കണ്ടെത്തി അവളോട് ദേഷ്യപ്പെടാൻ തുടങ്ങി..

തൊട്ടതിനും പിടിച്ചതിനും ഞാൻ ശകാരിക്കാൻ തുടങ്ങി..

അവൾ കണ്ണുകൾ നിറച്ചു നിൽക്കുന്നത് കാണുമ്പോൾ ഞാൻ മുഖം തിരിച്ചു കളയും..

ഒരു ദിവസം അമ്മക്ക് കാലിൽ നീരു വന്നു കിടപ്പിലായി. അന്നവൾ ജോലിക്ക് പോയില്ല വീട്ടിൽ തന്നെ നിന്ന് വീട്ടു ജോലികളും അമ്മയുടെ കാലിൽ കുഴമ്പ് പുരട്ടലും പരിചരിക്കലും തുടങ്ങിയവൾ..

കഞ്ഞി കൊണ്ട് വന്നു അമ്മക്ക് നൽകുമ്പോൾ അമ്മ കണ്ണുകൾ നിറഞ്ഞ് അവളെ അനുഗ്രഹിക്കുന്നത് ഞാൻ കണ്ടു..

അച്ഛൻ അതെല്ലാം കണ്ടു കൊണ്ട് ദൈവത്തോട് അവളുടെ നൻമക്കായ് പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടു..

അമ്മയുടെ അസുഖം കുറഞ്ഞു വന്നു അമ്മ നടത്തം തുടങ്ങി..

അന്നവൾ ജോലിക്ക് പോവുമ്പോൾ എന്നോട് ഇറങ്ങാണെന്ന് പറഞ്ഞു..ഞാൻ അതു കേട്ടതായി ഭാവിച്ചില്ല..

അതു കണ്ടപ്പോൾ അമ്മ പറഞ്ഞു നിനക്കവളെ ആ വണ്ടിയിൽ ഒന്നു കൊണ്ടാക്കി കൊടുത്താൽ എന്താ..!

കുറെ ആയി ഞാൻ ശ്രദ്ധിക്കുന്നു അവളോടുള്ള നിന്റെ പെരുമാറ്റം..

അവൾ ആദ്യമായി ഈ വീട്ടിൽ നിന്ന് ജോലിക്കായി ഇറങ്ങുമ്പോൾ നിന്റെ അനുഗ്രഹം വാങ്ങാനായി വന്നിരുന്നു.. നീ അവളെ കണ്ട ഭാവം നടിക്കാതെ പുറത്തേക്ക് പോയത് ഞാൻ കണ്ടിരുന്നു..

നീ അവളുടെ ശമ്പളം വാങ്ങാതെ പോയപ്പോൾ അതെന്റെ കയ്യിലാണ് അവൾ വെച്ച് തന്നത് അതു കൊണ്ടാണ് ഞാൻ വീട്ടു സാധനങ്ങൾ കുറച്ചു മേടിച്ചു വരാൻ അവളോട് പറഞ്ഞത്.. ”ഏട്ടൻ മേടിക്കില്ലേ അമ്മേ എന്നവൾ ചോദിച്ചപ്പോൾ ഞാനാണ് പറഞ്ഞത് ഒരു ദിവസം മോളു മേടിച്ചു എന്ന് വെച്ച് കുഴപ്പമൊന്നും ഇല്ലന്ന്..

നിനക്ക് കടമുള്ളതെല്ലാം ഞാനാണ് അവളെ അറിയിച്ചത് അതിനാൽ അവൾ നിന്നെ ഓരോന്നും പറഞ്ഞു നിന്നെ ബുദ്ധിമുട്ടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. നീ ദേഷ്യപ്പെടുമ്പോൾ അതൊന്നും എന്നെ അറിയിക്കാതെ അവൾ ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..

അതെല്ലാം കേട്ടപ്പോൾ എന്റെ ചിന്തകളിലൊരു മിന്നൽ പാഞ്ഞു കൊണ്ടിരുന്നു..

എന്റെ ഉള്ളിലൊരു വല്ലാത്ത കുറ്റബോധം വന്നു ! ഞാൻ അവളെ ഒന്നു നേരെ ചേർത്തു പിടിച്ചിട്ടില്ല ഇതു വരെ…..അവൾ കൊതിക്കുന്ന ഒരു തരി സ്നേഹം പോലും ഞാൻ അവൾക്ക് നൽകിയിട്ടില്ല…

എന്നിട്ടും അവൾ എല്ലാം സഹിക്കുന്നു എന്റെ മനസ്സിലൊരു കുറ്റബോധം നിഴലിച്ചു കൊണ്ടിരുന്നു..

അന്നു രാത്രി എല്ലാമോർത്ത് ഞാൻ അവളെ ഒന്ന് ചേർത്തു പിടിക്കുമ്പോൾ അവൾ പൊട്ടി കരയുകയായിരുന്നു..

എന്നോ കൊതിച്ചൊരു സാമീപ്യം അവളിൽ വന്നു ചേർന്നപ്പോൾ അവൾ വിതുമ്പുകയായിരിന്നു..

അവളുടെ തീരുമാനങ്ങളിലും ഒരു ഭദ്രതയുടെ കരുതൽ ഉണ്ടായിരുന്നു..

എന്നെ തോൽപ്പിക്കുവാൻ വേണ്ടിയല്ല എന്നെ ജയിപ്പിക്കുവാൻ വേണ്ടിയാണ് അവൾ ഓരോന്നും ചെയ്യുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ..എന്റെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ തുള്ളി വീണുടഞ്ഞിരിന്നു..

Share this:

Related Posts